ആലപ്പുഴ: വിത്തുക്ഷാമം മൂലം വിത താമസിച്ച കുട്ടനാട്ടിലേക്ക് നെല്‍വിത്ത് എത്തിത്തുടങ്ങി. വിത്ത് സമയത്തു ലഭിക്കാത്തതിനാല്‍ രണ്ടാം കൃഷി പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ വരെ 40 ലോഡിലായി 400ലധികം ടണ്‍ വിത്താണെത്തിയത്. ഇനി 38 ലോഡ് വിത്തെത്താനുണ്ട്. 380 ടണ്ണിലധികം വരുമിത്.
ഏക്കറിന് 40 കിലോ നെല്ലുവച്ചാണ് കര്‍ഷകര്‍ക്ക് വിതയ്ക്കാനായി വിതരണം ചെയ്യുന്നത്. 150ലധികം പാടശേഖരങ്ങളിലായി 9,300 ഹെക്ടറിലാണ് ഇത്തവണ കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കുന്നതെന്നാണ് കൃഷിവകുപ്പ് പറയുന്നത്. സീഡ് അഥോറിറ്റിയാണ് കുട്ടനാട്ടിലേക്ക് നെല്വിത്തെത്തിക്കുന്നത്. ഇവര്‍ക്കുണ്ടായ സാങ്കേതിക തടസം മൂലമാണ് നെല്‍വിത്ത് എത്താന്‍ വൈകിയത്.
വിത്ത് സമയത്തെത്താത്തതിനാല് ഇത്തവണയും കാര്‍ഷിക കലണ്ടര്‍ താളംതെറ്റുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക കലണ്ടര്‍ പ്രകാരം ജൂണ്‍ 20 നെങ്കിലും വിത പൂര്‍ത്തിയായാലേ രണ്ടുകൃഷി കൃത്യമായി നടത്താനാകൂ.
120 ദിവസം മൂപ്പുള്ള ഉമ നെല്‍വിത്താണ് രണ്ടാംകൃഷിക്ക് അധികവും ഉപയോഗിക്കുന്നത്. ജൂണ്‍ 20ന് വിത പൂര്‍ത്തിയായാല്‍ നവംബര്‍ 20ന് കൊയ്ത്ത് പൂർത്തിയാക്കാം. രണ്ടുകൃഷി നടക്കുന്ന(ഇരുപ്പൂ) പാടശേഖരങ്ങളില്‍ നിലമൊരുക്കി, ഡിസംബര്‍ 15 ഓടെ മൂപ്പുകുറഞ്ഞ, 90 ദിവസം കൊണ്ട് വിളവെത്തുന്ന ഇളവിത്ത് വിതയ്ക്കും.
ഇങ്ങനെ വിതച്ചാലേ മാര്‍ച്ച് 30ന് കൊയ്യാനാകൂ. മുപ്പതിന് കൊയ്ത്തു പൂര്‍ത്തിയായാലേ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ 31 നു തുറക്കാനും ഉപ്പുജലമെത്തി കുട്ടനാടിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും സാധിക്കൂ.